Anudina Prarthanakal is a collection of Catholic Prayers in Malayalam

കുടുംബത്തിന് വേണ്ടിയുളള പ്രാർത്ഥന

✔✔✔rating


നന്മ സ്വരൂപിയും കരുണാമതിയുമായ ദൈവമേ, ഞങ്ങളുടെ ഭവനത്തെയും കുടുംബത്തയും ഞങ്ങൾക്കുളള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്പിക്കുന്നു. നസ്‌റത്തിലെ തിരുകുടുംബത്തെ അങ്ങു അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങു ഞങ്ങളെ രക്ഷിക്കുവാൻ വേണ്ടി മനുഷ്യാവതാരം ചെയ്യുവാൻ തിരുമനസായ സ്‌നേഹത്തെക്കുറിച്ചും കുരിശിൽ കിടന്ന് ഞങ്ങൾക്കുവേണ്ടി മരിക്കുവാൻ തിരുച്ചിത്തമായ കരുണയെക്കുറിച്ചും ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഇതിലെ അംഗങ്ങളെയും ആശീർവദിക്കണമെന്നു താഴ്മയായി ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു . എല്ലാ തിന്മയിൽ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മയിൽ നിന്നും വഞ്ചനയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. മഞ്ഞ് , തീയ് , വെള്ളപ്പൊക്കം , മുതലായ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊളണമേ. അങ്ങയുടെ കോപത്തിൽ നിന്നും ഞങ്ങളെ വിമുക്തരാക്കേണമേ. പകയിൽ നിന്നും ശത്രുക്കളുടെ ദുരുദ്ദേശങ്ങളിൽ നിന്നും പഞ്ഞം , പട , വസന്ത , മുതലായവയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളളിലാരും തന്നെ വിശുദ്ധ കൂദാശകൾ സ്വീകരിക്കാതെ മരിക്കുന്നതിന് ഇടവരുത്തരുതേ. ഞങ്ങളെ വിശുദ്ധീകരിക്കുന്ന വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും , വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങനെ അങ്ങയെ കൂടുതൽ സ്‌നേഹിക്കുന്നതിനും മറ്റുള്ളവരോട് സ്‌നേഹപൂർവം വർത്തിക്കുന്നതിനും നീ ഇടയാക്കേണമേ. ഓ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കേണമേ, രക്ഷിക്കേണമേ,. വരപ്രസാദത്തിന്റെയും കരുണയുടെയും മാതാവായ മറിയമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ. ദുഷ്ടാരൂപിയിൽനിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ. കണ്ണുനീരിന്റെ ഈ താഴ്വരയിൽ കൂടി ഞങ്ങളുടെ കരങ്ങൾ പിടിച്ചു നീ നടത്തണമേ . നിന്റെ ദിവ്യപുത്രനുമായി രമ്യപ്പെടുത്തണമേ. അങ്ങയുടെ വാഗ്‌ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ ഞങ്ങളെ അങേക്കു സമർപ്പിക്കണമേ. ഞങ്ങളുടെ രക്ഷകന്റെ വളർത്തുപിതാവും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷകനും തിരുകുടുംബത്തിന്റെ തലവനുമായ മാർ യൗസേപ്പിതാവേ, ഞങ്ങള്ക്കു വേണ്ടി മാധ്യസ്ഥം വഹിക്കേണമേ. സർവദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യേണമേ. വി.മിഖായേലേ, പിശാചിന്റെ സകല കെണികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. വി.ഗബ്രിയേലേ, ദൈവതിരുച്ചിത്തം ഞങ്ങൾക്ക് മനസിലാക്കി തരേണമേ. വി.റഫായേലേ , ഞങ്ങളെ രോഗങ്ങളിൽ നിന്നും ജീവിതാപായങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങളുടെ കാവൽ മാലാഖമാരെ ഞങ്ങളുടെ രക്ഷയുടെ വഴിയിൽ കൂടി എപ്പോഴും നടത്തിക്കൊള്ളേണമേ. വിശുദ്ധ മദ്ധ്യസ്ഥരെ ദിവ്യ തിരുസിംഹാസനത്തിൻ മുൻപിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് വനേടി അപേക്ഷിക്കേണമേ. ഞങ്ങളുടെ സൃഷ്ടാവായ ബാവാതമ്പുരാനേ, കുരിശിൽ കിടന്നുകൊണ്ട് ഞങ്ങൾക്കായി ത്യാഗബലിയർപ്പിച്ച പുത്രൻ തമ്പുരാനേ, മാമോദീസാ വഴിയായി ഞങ്ങളെ വിശുദ്ധീകരിച്ച റൂഹാ തമ്പുരാനെ, ഈ ഭവനത്തെ അനുഗ്രഹിക്കേണമേ. ദൈവം തന്റെ പരിശുദ്ധ ത്രിത്വത്തിൽ ഞങ്ങളുടെ ശരീരങ്ങളെ രക്ഷിക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും മനസിനെ നയിക്കുകയും ഞങ്ങളെ നിത്യജീവിതത്തിലേക്കു ആനയിക്കുകയും ചെയ്യുമാറാകട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. ആദി മുതൽ എന്നേക്കും ആമേൻ .

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top